ഉച്ചകഴിഞ്ഞൊരു നേരം അഞ്ജലിയും അഖിലും ഒരു നീണ്ട വഴിയിലൂടെ നടന്നു വരുന്നു. കൈകൾ മടക്കി വെച്ചിരിക്കുന്ന ഫോർമൽ ഷർട്ട്, ബെൽറ്റ്, ട്രൗസർ, ഷൂസ്, പിന്നെ തോളിൽ ഒരു ബാക്ക്പാക്കും കൊണ്ട് അഖിൽ നടക്കുന്നു. ചുരിദാറും ധരിച്ചു കൈയ്യിൽ ഒരു ചെറിയ പേഴ്സുമായി അഞ്ജലി മുഖം തിരിച്ചു നടക്കുന്നു.

അഖിൽ എന്തൊക്കെയോ പറയുന്നുണ്ട്. അഞ്ജലി തല ഉയർത്താതെ മൂളി മാത്രം മറുപടി പറയുന്നു. അവൻ അത് ശ്രദ്ധിക്കുണ്ടായിരുന്നു. അവനും സംസാരം നിറുത്തി.

അവർ ഒരു പാർക്കിലെ ബെഞ്ചിനടുത്തേക്ക് വന്നു. അഖിൽ ആ ബാഗ് താഴെ വെച്ച് ഇരുന്നു.
അല്പം മാറി അവന്റെ ഇടതു ഭാഗത്തു മുഖം തിരിച്ചവൾ ഇരുന്നു.

അവൻ അവളെ നോക്കി സ്നേഹത്തോടെ അവളുടെ ഓമനപ്പേര് വിളിച്ചു, “അഞ്ഞൂട്ടീ”.
അവളിൽ നിന്ന് ഒരു മൂളൽ മാത്രം. ഇപ്പോഴും മുഖം മറച്ചു പിടിച്ചിരിക്കുകയാണ്.

“അഞ്ഞൂട്ടീ…”
ഒരു മൂളൽ.

“തിങ്കളാഴ്ച്ച ഇങ്ങു വരില്ലേ. എത്രയോ പ്രാവശ്യം ഇങ്ങനെ വീക്കെൻഡ്‌സ് പോയ് വന്നേക്കുന്നു.”
കോപത്തോടെ അവൾ അവനെ നോക്കി “അങ്ങനെ എല്ലാ പ്രാവശ്യവും പോലെ ആണോ ഇത്?”. വീണ്ടും മുഖം തിരിച്ചു.

അഖിൽ ചുറ്റും പോകുന്ന ആൾക്കാരിലേക്ക് ഒരു നിമിഷം ശ്രദ്ധ തിരിച്ചു വിട്ടു. എന്നിട്ടു “അഞ്ഞൂട്ടീ…”
നീട്ടം കൂടിയ ഒരു മൂളൽ.

“ഇങ്ങോട്ട് നോക്കിയേ.”
ഇല്ല എന്നൊരു മൂളൽ.

അഖിൽ ചുറ്റും നോക്കിക്കൊണ്ട് പറയുന്നു, “ഒന്ന് നോക്കെന്നേ”.
അവൾ ഒന്ന് നോക്കി വീണ്ടും തല തിരിച്ചു.

അവൻ പതുക്കെ അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു.
ഒന്ന് അനങ്ങി എന്നല്ലാതെ അവൾ നീങ്ങി ഇരുന്നില്ല.

“എന്റെ അഞ്ജലി മോളേ… പിണങ്ങല്ലേ… ഇതിപ്പോ ഒരെണ്ണം അല്ലേ ആയുള്ളൂ.”
അവൾ പെട്ടെന്നു ദേഷ്യത്തോടെ അവനെ നോക്കി. “എന്നുവെച്ചാൽ?”

“ഇനിയും വരുമെല്ലോ.”
“ഓഹോ!” അവൾ അല്പം നീങ്ങി ഇരുന്നു. “എന്താ നിന്റെ പ്ലാൻ?”

അവൻ ഒരു നെടുവീർപ്പ്. “പ്ലാൻ… എനിക്ക് അറിയില്ല അഞ്ജലി… ഐ ആം സോറി.” അവൻ മുഖം തിരിച്ചു.
അവൾ അവനെ നോക്കി. അവളും നിശബ്ദം.

എവിടെയോ വണ്ടികൾ പോകുന്ന ശബ്ദം.

അവൻ അവളെ നോക്കി. ബെഞ്ചിന്മേൽ ഇരിക്കുന്ന അവളുടെ കയ്യിൽ അവൻ മെല്ലെ തന്റെ കൈവെച്ചു. അവൾ അവനെ നിറകണ്ണുകളോടെ നോക്കി. ആ കണ്ണുകളിലേക്ക് അവനു നോക്കാൻ പറ്റുന്നില്ല. അവന്റെ കണ്ണുകൾ അവൻ അകറ്റുന്നു. അവൾ അവനോടു ചേർന്നിരുന്ന് അവന്റെ ഇടത്തേക്കയ്യിനെ രണ്ടു കൈയും കൊണ്ട് ചുറ്റിപിടിച്ചു. “നീ എന്താ ഒന്നും പറയാത്തേ?”

അവന്റെ കൈയിൽ പിണർന്നു കിടക്കുന്ന അവളുടെ മുടികൾക്കിടയിലൂടെ അവൻ അവളുടെ തലയിൽ ചുംബിച്ചു.
“എന്തെങ്കിലും പറ അഖിൽ.”

നിറയുന്ന അവന്റെ കണ്ണുകൾ. അവൻ വീണ്ടും ചുംബിക്കുന്നു. ഒരു കണ്ണുനീർ അവളുടെ തലയിൽ വീഴുന്നു.
“നിനക്ക് എന്നെ ഇഷ്ടമാണോ?”

അവളുടെ ചോദ്യത്തെ കളിയാക്കി അവനിൽ നിന്നൊരു ശ്വാസം മാത്രം.
“എന്നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടോ?”

അവൻ നിശബ്ദം.
“ഇപ്പൊ പോകണോ? നീ പറ.” കരച്ചിലിനിടയിൽ അവൾ തല ഉയർത്തി അവനെ നോക്കുന്നു.

അവളുടെ കണ്ണുകളെ കാണാതിരിക്കാൻ അവൻ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു.
“ഞാൻ എന്താ വേണ്ടേ?… പ്ലീസ് എന്തെങ്കിലും പറ അഖിൽ.” അവൾ വീണ്ടും തല അവന്റെ കയ്യിനെ കെട്ടി പിടിച്ചു വെച്ചു.

“ഞാൻ… ഞാൻ ഈ ജോലി… ഈ ജോലി വിട്ടേ പറ്റു അഞ്ജലി.”
“എനിക്ക് അറിയാം. നീ കളഞ്ഞാലും എനിക്ക് ജോലി ഉണ്ടല്ലോ.”

അവൻ നിശബ്ദം.
“ഞാൻ നോക്കിക്കൊള്ളാം. നീ നിന്റെ യാത്ര കഴിഞ്ഞു ഒരു നടനായി വരുന്നവരെ ഞാൻ കാത്തിരുന്നോള്ളാം.”

അവൻ നിശബ്ദം.
“എന്തെങ്കിലും പറ അഖിൽ. പ്ലീസ്!”

“എനിക്ക് അറിയില്ല അഞ്ചുകുട്ടീ. എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ല. ഇതൊക്കെ കഴിഞ്ഞു ഞാൻ തിരിച്ചു വരുമ്പോ നിന്നോടുള്ള ഇഷ്ടം ഇല്ലാതെ ആയാലോ?”
അഞ്ജലി നിശബ്ദം.

“നിന്നോട് എന്ത് ധൈര്യത്തിൽ ഞാൻ കാത്തുനിക്കാൻ പറയും?”
അഞ്ജലി നിശബ്ദം.

“എന്റെ ജീവിതം എങ്ങോട്ടാണെന്ന് എനിക്ക് പോലും അറിയില്ല. ഈ വര്ഷം കഴിയുമ്പോ എവിടായിരിക്കും എന്നുപോലും അറിയില്ല… നിന്റെ വീട്ടുകാർക്ക് നിന്നെ കെട്ടിച്ചിട്ടുവേണം നിന്റെ ഇളയ രണ്ടെണ്ണത്തിനെ കെട്ടിക്കാൻ. എനിക്കറിയാം. അവരോടെല്ലാം ഞാൻ എങ്ങനെ കാത്തിരിക്കാൻ പറയും.”
അഞ്ജലി കൈ ഇറുക്കി പിടിച്ചുകൊണ്ട്, “അഖീ”.

“ഐ ആം സോറി ടീ.”
അവൾ അവളുടെ മുഖം അവന്റെ കൈകളിലേക്ക് കുത്തി ഇറക്കുന്നു. ചേർത്ത് പിടിച്ചു കരയുന്നു.

അവളെ ചേർത്ത് പിടിച്ചു കരയാതെ അവൻ കരയുന്നു. തന്റെ മുഖം മറ്റേ തോളിലും കയ്യിലുമായി തുടയ്ക്കുന്നു. നിറഞ്ഞ മൂക്കിലൂടെ അവൻ ശ്വാസം എടുക്കുന്നു.

ഒരു റോഡിലൂടെ വണ്ടികൾ ചീറി പായുന്നു. ഹോർന്നുകളുടെ ബഹളം. സൂര്യൻ അസ്തമിക്കാൻ അടുക്കുന്നു.

അവർ രണ്ടുപേരും ഇപ്പോഴും ചേർന്നിരിക്കുന്നു. ഫോൺ എടുത്ത് അവൻ സമയം നോക്കുന്നു. “വാ. പോവാം.”
“5 മിനിറ്റും കൂടി” കൈ മുറുകെ പിടിച്ച അവൾ .

അവളുടെ ഇഷ്ടത്തിന് അവൻ ഒരു പുഞ്ചിരിയോടെ വഴങ്ങുന്നു. അവളുടെ കയ്യിൽ അവനും ശക്തിയായി താങ്ങുന്നു.

ആളുകൾ ആ പാർക്കിലൂടെ നടക്കുന്നു. മറ്റൊരു ബെഞ്ചിൽ 2 കമിതാക്കൾ ഒരു കുടയുടെ മറവിൽ ചേർന്നിരിക്കുന്നു. അഖിൽ ഇതെല്ലാം വീക്ഷിക്കുന്നു.
അഞ്ജലിയുടെ വിരലുകൾ അഖിലിന്റെ കയ്യിലെ രോമങ്ങൾ തലോടുന്നു. അവളുടെ കണ്ണുനീരാൽ അവന്റെ ഷർട്ട് നനഞ്ഞിട്ടുണ്ട്. ദൂരെ എവിടെയോ ഒരു ബസ് ഇന്റെയ് എയർ ഹോൺ കേൾക്കാം.

“പോവാം അഞ്ജലി. ബസ് മിസ് ആകും.”
“ആകട്ടെ.”

“അഞ്ചുകുട്ടീ…”
“എന്നെ പെണ്ണുകാണാൻ വിടാൻ നിനക്ക് ആണെല്ലോ വെപ്രാളം. 5 മിനിറ്റുകൂടി കഴിഞ്ഞിട്ട് പോയാ മതി.”

അവൻ ചിരിച്ചു. വീണ്ടും വഴങ്ങുന്നു.
ശബ്ദിക്കുന്ന അവളുടെ ഫോൺ എടുത്ത് നോക്കി. കട്ട് ചെയ്ത് അവൾ വീണ്ടും അവന്റെ കയ്യിൽ കെട്ടിപ്പിടിക്കുന്നു.

നേരം ഇരുട്ടി തുടങ്ങി. “അഞ്ചുകുട്ടീ… ഇനി പോകാം.”
അഞ്ജലി ഒന്നും മിണ്ടുന്നില്ല. അവനെ കെട്ടിപിടിച്ചു തെന്നെ ഇരിക്കുന്നു. അവന്റെ കയ്യിൽ ചുംബിച്ചു മുഖം തുടക്കുന്നു. അഞ്ജലിയുടെ ഫോൺ വീണ്ടും അടിക്കുന്നു. ഒരു കൈ അവന്റെ കയ്യിൽ വെച്ചുകൊണ്ട് അവൾ ഫോൺ എടുക്കുന്നു. “ആ അമ്മ… കുറച്ചു തിരക്കിൽ ആയിരുന്നു… ഇല്ല, ബസ് സ്റ്റോപ്പിന്റെ അടുത്തുണ്ട്… ആ, പോവുവാ, പോവുവാ… ശെരി… കേറീട്ടു വിളിക്കാം.” അവൾ കോൾ കട്ട് ചെയ്യതു നേരെ ഇരുന്നു.

രണ്ടുപേരും ദീർഘ ശ്വാസം എടുക്കുന്നു. അടഞ്ഞ മൂക്കുകൾ തുറക്കുന്നു. അഖിൽ എഴുനേറ്റു.
പുറകെ അവളും. ഡ്രസ്സ് നേരെ ആക്കുന്നു. “എങ്ങനെ ഉണ്ട്?”

അടിപൊളി എന്ന ആംഗ്യം.
അവൾ ഒരു നല്ല ചിരി കൊടുത്തു.

അവൻ അവളെ തന്നെ നോക്കി നിക്കയാണ്. ഒരടി മുന്നോട്ടു വെച്ച് അവൻ അവളുടെ അടുത്തേക്ക് വന്നു. എന്നിട്ട് കൈകൾ വിടർത്തി അവളെ കെട്ടിപിടിച്ചു.
അവൾ ചിരിക്കുന്നു. “ഫൈനലി!”

“എന്ത്?” കെട്ടിപിടിച്ചുകൊണ്ട് അവൻ ചോതിച്ചു.
“ഹഗ്”

കൈവിട്ട് അവൻ ബാഗ് എടുക്കാനായി കുലിഞ്ഞു. “നിനക്ക് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതി അല്ലേ.”
“അപ്പൊ ഇപ്പോഴോ?

“അത് പിന്നേ…”
“മണ്ടൻ.”

“എന്താ!”
“നീ ഒരു മര. മണ്ടൻ. ആണെന്ന്!”

“നീ പൊടി.”
അവൾ ചുണ്ടുകൾ കടിച്ചു ചിരിക്കുന്നു. അവനും.

രാത്രി. വണ്ടികൾ ചീറിപ്പായുന്നു.

അവർ ഒരുമിച്ചു നടന്നുവന്ന ആ വഴി ഇപ്പോൾ മഞ്ഞ വെളിച്ചം കൊണ്ട് മൂടിയിരിക്കുന്നു. ജീവിതത്തിന്റെ ഒരു വഴിത്തിരിവ് താണ്ടി അവൻ ഒറ്റയ്ക്ക് ആ വഴി നടന്നു.

— ശുഭം —